തിരുവനന്തപുരം - മാസപ്പടി വിവാദം സഭയിൽ ഉന്നയിക്കുന്നതിൽനിന്ന് പ്രതിപക്ഷം പിൻവലിഞ്ഞെന്ന ആക്ഷേപത്തിനിടെ, പ്രശ്‌നം
നിയമസഭയിൽ ഉന്നയിച്ച് കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ. എം.എൽ.എ വിവാദ വിഷയം പ്രസംഗിച്ചു തുടങ്ങിയതോടെ സ്പീക്കർ എ.എൻ ഷംസീർ ക്രമപ്രശ്‌നം ഉന്നയിച്ച് പ്രസംഗം തടയുകയായിരുന്നു. തുടരന്ന് ഇരുവരും തമ്മിൽ കടുത്ത വാഗ്വാദത്തിന് സഭ വേദിയായി.
സഭയിൽ നെൽവയൽ തണ്ണീർതട നിയമ ഭേദഗതിയുടെ ചർച്ചയ്ക്കിടെയായിരുന്നു മാത്യു കുഴൽനാടൻ മാസപ്പടി വിവാദം എടുത്തിട്ടത്. പ്രസംഗത്തിൽ വിവാദം പരാമർശിച്ചു തുടങ്ങിയ ഉടനെ സ്പീക്കർ ഇടപെട്ട് തടഞ്ഞു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്നായിരുന്നു സ്പീക്കറുടെ ഓർമപ്പെടുത്തൽ. എന്നാൽ, ചർച്ചയ്ക്കിടെ എന്തെല്ലാം വിഷയങ്ങൾ ആരെല്ലാം പറയുന്നുവെന്നും, അപ്പോഴൊന്നും ഇല്ലാത്ത ക്രമപ്രശ്‌നം ഇപ്പോൾ എങ്ങനെ വന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം.
ബിൽ ചർച്ചയ്ക്കിടെ മറ്റു കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും അവ സഭാരേഖകളിൽ ഉണ്ടാവില്ലെന്നും സ്പീക്കർ റൂളിങ് നല്കി. തുടർന്ന് പരാമർശങ്ങൾ രേഖകളിൽനിന്നു നീക്കി. നീക്കിയ ഭാഗം റിപ്പോർട്ട് ചെയ്യരുതെന്നും സ്പീക്കർ നിർദേശിച്ചു.