Sorry, you need to enable JavaScript to visit this website.

കുടകിലേക്ക് ജോലിക്ക് പോകുന്ന ആദിവാസികൾ മരണപ്പെടുന്നു;  സമഗ്രാന്വേഷണത്തിന് കർണാടക മുഖ്യമന്ത്രിക്ക് നിവേദനം 

കൽപറ്റ-കുടക് ഉൾപ്പെടെ ജില്ലകളിൽ വയനാട്ടിൽനിന്നു കൂലിപ്പണിക്കുപോകുന്ന ആദിവാസികൾ ദൂരൂഹസാഹ്യത്തിൽ മരണപ്പെടുന്നതും കാണാതാകുന്നതും സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്(എ.പി.സി.ആർ) കേരള ചാപ്റ്റർ കർണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകി. വയനാട്ടിലെ ഏതാനും പട്ടികവർഗ ഊരുകളിൽ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ  വസ്തുതാന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സഹിതമാണ് നിവേദനം അയച്ചതെന്ന് എ.പി.സി.ആർ കേരള ചാപ്റ്റർ സെക്രട്ടറി  സി.എ.നൗഷാദ്, പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി പി.എ.പൗരൻ, ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ.വയനാട്, നീതിവേദി പീപ്പിൾസ് ട്രിബ്യൂണൽ അംഗം ഡോ.പി.ജി.ഹരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
കർണാടകയിൽ കൂലിപ്പണിക്ക് കർഷകർ നേരിട്ടും ഇടനിലക്കാർ മുഖേനയും ജില്ലയിലെ ആദിവാസികളെ കൊണ്ടുപോകുന്നുണ്ട്. കൃഷിയിടങ്ങളിൽ തുറന്ന ജയിലിനു സമാനമായ സാഹചര്യങ്ങളിൽ കഴിയാൻ നിർബന്ധിതരാകുന്ന ആദിവാസികളുടെ മരണവും തിരോധാനവും തുടർക്കഥയാണ്. 2008ൽ നീതിവേദി സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിൽ 122 ആദിവാസി ദുരൂഹമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ കൂലിപ്പണിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം തൊഴിലുടമകൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് 2007ൽ വയനാട് കലക്ടർ ഉത്തരവായെങ്കിലും ഹ്രസ്വകാലം മാത്രമാണ് ഇത് പ്രാവർത്തികമായത്. 
കർണാടകയിൽ ജോലിക്കുപോയതിൽ മൂന്ന് ആദിവാസികളുടെ മരണം ഈ വർഷം റിപ്പോർട്ട് ചെയ്തു. വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരൻ കുടകിലെ ഉതുക്കേരിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മൃതസംസ്‌കാരം കഴിഞ്ഞാണ് മരണവിവരം വീട്ടുകാർ അറിഞ്ഞത്. അന്വേഷിച്ചെത്തിയ ബന്ധുക്കളോട്  ശ്രീധരൻ വെള്ളത്തിൽവീണു മരിച്ചെന്നാണ് പോലീസ് പറഞ്ഞത്.  ശ്രീധരന്റെ വസ്ത്രങ്ങളും മരിച്ചുകിടക്കുന്ന ചിത്രവും മാത്രമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കുടുംബത്തിന് പോലീസ് ഇതുവരെ കൈമാറിയില്ല. ജൂണിൽ പുൽപള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനെ കൃഷിയിടത്തിൽ ബോധരഹിതനായി കണ്ടെത്തി. വിവരം അറിഞ്ഞ് സഹോദരൻ എത്തിയാണ് അദ്ദേഹത്തെ സർഗൂരിലെ ആശുപത്രിയിലാക്കിയത്. വൈകാതെ മരണം സംഭവിച്ചു. മൃതദേഹവുമായി ആംബുലൻസിൽ നാട്ടിലേക്ക് വരുമ്പോൾ ശേഖരന്റെ ഉദരഭാഗത്ത് ആഴമുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മുറിവ് ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നില്ല. അവയവ അപഹരണം നടന്നതിന്റെ ലക്ഷണമായാണ് ഈ മുറിവിനെ ബന്ധുക്കളിൽ ചിലർ കണ്ടത്. എങ്കിലും അവർ പരാതിക്കു മുതിരാതെ മൃതദേഹം സംസ്‌കരിക്കുകയാണുണ്ടായത്. 
നെൻമേനി പഞ്ചായത്തിലെ കൊയ്ത്തുപാറ കാട്ടുനായക്ക ഊരിലെ സന്തോഷിനെ  ജൂലൈയിൽ ജോലിസ്ഥലത്തിനു സമീപം മുങ്ങിമരിച്ച നിലയിൽ കണ്ടതിലും ദുരൂഹതയുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി ഊരിൽനിന്നു ജോലിക്കുപോയ അരുൺ എന്ന യുവാവിനെ രണ്ടര മാസമായി കാണാനില്ല. ഇക്കാര്യങ്ങൾ കർണാടക മുഖ്യമന്ത്രിക്കു അയച്ച നിവേദനത്തിൽ വിശദീകരിക്കുന്നുണ്ട്. ആദിവാസികളുടെ മരണവും തിരോധാനവും കൃഷിയിടങ്ങളിലെ സാഹചര്യവും അന്വേഷിക്കുന്നതിന് പ്രാപ്തനും സത്യസന്ധനുമായ പോലീസ് അധികാരിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്. 
ഉതുക്കേരിയിൽ മരിച്ച ശ്രീധരന്റെ സഹോദരൻ അനിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ശ്രീധരന്റെ മരണത്തിൽ വിശദാന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു. 

Latest News