കുവൈത്ത് സിറ്റി - സ്വന്തം മകളെ കൊലപ്പെടുത്തിയ കുവൈത്തി വനിതയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷ ലഘൂകരിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ കോടതി നിരാകരിച്ചു. രാജ്യത്തെ നിയമം അനുസരിച്ച് പ്രതി ജീവപര്യന്തം തടവ് അർഹിക്കുന്നതായി കോടതി വ്യക്തമാക്കി.
അൽസാൽമിയ ഏരിയയിലെ വീട്ടിൽ വെച്ചാണ് കുവൈത്തി വനിത മകളെ കൊലപ്പെടുത്തിയത്. അനുസരണക്കേട് കാണിക്കുന്നതായി കുറ്റപ്പെടുത്തി പ്രായപൂർത്തിയായ മകളെ കുവൈത്തി വനിത വീട്ടിലെ ബാത്ത്‌റൂമിൽ ദീർഘകാലം അടച്ചിടുകയായിരുന്നു. മതിയായ ഭക്ഷണവും ആരോഗ്യ പരിചരണങ്ങളും ലഭിക്കാതെ ആരോഗ്യനില വഷളായി യുവതി പിന്നീട് മരണപ്പെട്ടു. മകളുടെ മൃതദേഹം വർഷങ്ങളോളം ഇതേ ബാത്ത്‌റൂമിൽ പ്രതി സൂക്ഷിച്ചു. വർഷങ്ങൾക്കു ശേഷമാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. അപ്പോഴേക്കും മൃതദേഹം പാടെ അഴുകി ദ്രവിച്ചിരുന്നു.