ന്യൂദല്‍ഹി- കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ഫ്‌ളയിങ് കിസ് വിവാദത്തില്‍ കേന്ദ്ര മന്ത്രി സൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. മണിപ്പൂര്‍ വിഷയത്തില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ശേഷം മടങ്ങവെ രാഹുല്‍ വനിത എം. പിമാര്‍ക്ക് നേരെ ഫ്‌ളയിങ് കിസ് നല്‍കിയെന്നാണ് ആരോപണം.
സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. സ്മൃതി ഇറാനിക്ക് ഫ്‌ളയിങ് കിസ് വലിയ ബുദ്ധിമുട്ടായെങ്കില്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
''മുന്‍ഗണനകളാണ് പ്രശ്‌നം. ഫ്‌ളയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകള്‍ക്കു സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ല'' എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നെന്നാരോപിച്ച് പ്രതിപക്ഷ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ രണ്ടാം ദിനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചതിന് പിന്നാലെയാണ് ആരോപണവുമായി വനിത എം. പിമാര്‍ രംഗത്തെത്തി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.