പനാജി- സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഗോവ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനെതിരെ (ഡിഐജി) അന്വേഷണം ആരംഭിച്ചു. ബാഗ ടൗണിലെ ഒരു പബ്ബിൽ വെച്ചാണ് നേരത്തെ ദൽഹി പോലീസിൽ സുപ്രധാന പദവികൾ വഹിച്ചിരുന്ന ഡി.ഐ.ജി എ കോയൻ സ്ത്രീയോട് മോശമായി പെരുമാറിയത്.
സംഭവസമയത്ത് കോയൻ മദ്യലഹരിയിലായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ട ക്ലബ്ബിൽ വെച്ചാണ് ഇയാൾ സ്ത്രീയുമായി വഴക്കിടുകയും മോശമായി പെരുമാറുകയും ചെയ്തത്. ഡിഐജിയും യുവതിയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
യുവതി ഡി.ഐ.ജിയുടെ മുഖത്ത് തല്ലിയതായും റിപ്പോർട്ടുകളിൽ പറയുന്നു..സംഭവ സമയത്ത് ഡിഐജി മെഡിക്കൽ ലീവിലായിരുന്നെന്ന് കേസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉ ഉറപ്പ് നൽകി. ഗോവ നിയമസഭയിലും വിഷയം ചർച്ചയായി.ഡി.ഐ.ജിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം സഭയിൽ ഉയർന്നിരുന്നു.