ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകസഭയില്‍ ഇന്ന് മറുപടി പറയും. അതിന് ശേഷം ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. ലോകസഭയില്‍ അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ച അവസാനിച്ച ശേഷം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുക. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് തയ്യാറാകാത്തതിനാലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.