ഹൈദരാബാദ്- നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവെന്ന് ആരോപിച്ച് പ്രവാസിയടക്കമുള്ളവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. കരിംനഗറിലും അദിലാബാദിലുമുള്ള വീടുകളിലാണ് പോലീസും എൻ.ഐ.എ ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെലങ്കാന പോലീസും എൻഐഎയും റെയ്ഡിനെത്തിയതെന്ന് പറയുന്നു.
നിലവിൽ ഗൾഫ് മേഖലയിൽ താമസിക്കുന്ന തൗഫീഖ് ഖാന്റെ കരിംനഗറിലെ ഹുസൈൻപുരയിലുള്ള വസതിയിൽ പുലർച്ചെ നാല് മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തൗഫീഖിന്റെ വീട്ടിൽ നിന്ന് എൻഐഎ ഉദ്യോഗസ്ഥർ ചില രേഖകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. കുടുംബാംഗങ്ങളോട് ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. ഖാന്റെ വീടിന് പുറമെ, കരിംനഗറിലും അദിലാബാദിലും രണ്ട് സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം തെലങ്കാനയിൽ റെയ്ഡ് നടത്തിയ എൻ.ഐ.എ നിരവധി പിഎഫ്ഐ നേതാക്കളെയും കേഡർമാരെയും അറസ്റ്റ് ചെയ്തിരുന്നു. കർശനമായ യുഎപിഎ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിസാമാബാദ്, കരിംനഗർ, ജഗതിയാൽ, അദിലാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.