Sorry, you need to enable JavaScript to visit this website.

മലേഷ്യയില്‍ ഐ.എസിനെ പിന്തുണച്ച ഏഴു പേര്‍ അറസ്റ്റില്‍

കുലാലംപുര്‍- ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏഴു പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. മലേഷ്യന്‍ രാജാവ്, പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്, ഒരു മന്ത്രി എന്നിവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാളും ഇവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് ഫുസി ഹാറൂന്‍ പറഞ്ഞു.
ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയില്‍ കഴിഞ്ഞ മേയില്‍ പോലീസ് ആസ്ഥാനം മൂന്ന് ദിവസത്തോളം ഉപരോധിച്ചയാളാണ് അറസ്റ്റിലായ മറ്റൊരാള്‍. ജാവയില്‍ മൂന്ന് പോലീസുകരെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.
ജോഹര്‍, പെറാക്, തെരംഗനു, സെലംഗോര്‍ എന്നിവിടങ്ങളില്‍ ഈ മാസം 12-നും 17-നുമിടിയില്‍ നടത്തിയ റെയ്ഡിലും സൈനിക നടപടിയിലുമാണ് നാല് മലേഷ്യക്കാരും മൂന്ന് ഇന്തോനേഷ്യക്കാരും അറസ്റ്റിലായത്.
രാജാവിനേയും പ്രധാനമന്ത്രിയേയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ 34 കാന്‍ ജോഹറിലെ സ്‌കുഡായിയിലാണ് പിടിയിലായത്. ഐ.എസിനെ അനുകൂലിക്കുന്ന ഇയാള്‍ ഫേസ്ബുക്കിലാണ് രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍, പ്രധാനമന്ത്രി മഹാതീര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി മുജാഹിദ് യൂസുഫ് റാവ എന്നിവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പോലീസ് ഐ.ജി പറഞ്ഞു.
രാജ്യത്ത് ശരീഅത്ത് അടിസ്ഥാനത്തിലല്ലാതെ ഭരണം നടത്തുന്ന ഇവര്‍ അനിസ്‌ലാമിക നേതൃത്വമാണെന്നാണ് മലേഷ്യന്‍ പൗരനായ ഇയാള്‍ കരുതിയിരുന്നത്. മലേഷ്യക്കാരായ 42 കാരനും 24 കാരിയുമാണ് ജോഹറില്‍ പിടിയിലായ മറ്റു രണ്ടുപേര്‍. 2018 ലെ ഹരിറായ ആഘോഷത്തിനു ശേഷം മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ബോംബാക്രമണം നടത്താന്‍ മലേഷ്യക്കാരന്‍ പദ്ധതിയിട്ടിരുന്നു. സിറിയയിലെ സംഭവവിവികാസങ്ങള്‍ അറിയാന്‍ അവിടത്തെ മലേഷ്യക്കാരനായ ഐ.എസ്. അംഗം മുഹമ്മദ് വന്‍ഡി മുഹമ്മദ് ജേദിയുമായി ബന്ധപ്പെട്ടിരുന്നു. 2016 ജൂണ്‍ 28-ന് സെലംഗോറിലെ മോവിഡ ക്ലബ് ആക്രമണത്തിനു പിന്നില്‍ ഇയാളായിരുന്നു. കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തിലാണ് മുഹമ്മദ് വന്‍ഡി കൊല്ലപ്പെട്ടത്.
അറസ്റ്റിലായ സ്ത്രീ സിറിയയിലെ ഐ.എസ് അംഗം മുഹമ്മദ് നസറുല്ല ലത്തീഫിന് 4000 മലേഷ്യന്‍ റിംഗിറ്റ് നല്‍കിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നസറുല്ല കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ടുവെന്നും പോലീസ് ഐ.ജി പറഞ്ഞു. വിവാഹം ചെയ്യുന്നതിനായി ഈ സ്ത്രീയെ നസറുല്ല സിറിയയിലേക്ക് ക്ഷണിച്ചിരുന്നതായും പറയുന്നു.
അറസ്റ്റിലായവരില്‍ മലേഷ്യന്‍ പൗരനായ 21 കാരന്‍ ഐ.എസിനെ പിന്തുണക്കുന്നതായി സമ്മതിച്ചു. മൂന്ന് ഇന്തോനേഷ്യക്കാരെ മലേഷ്യയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നാണ് പിടികൂടിയത്.
---

Latest News