Sorry, you need to enable JavaScript to visit this website.

ബിടെക്കുകാർ വളർത്തിയ ജെണ്ടുമല്ലി വിളവെടുത്തു

പത്തനംതിട്ട-ഓണത്തെ വരവേൽക്കാൻ പൂക്കൾ ഒരുക്കി മാതൃകയാകുകയാണ് പന്തളം തോലൂഴം ഗ്രാമത്തിലെ അഞ്ചംഗ സംഘം. ബ. ടെക് ബിരുദധാരികളായ വിനീത്, അഭിജിത്, അപ്പു, വിഷ്ണു, സന്ദീപ് എന്നിവരുടെ കഠിനാധ്വാനത്തിനൊപ്പം പഞ്ചായത്ത് കൂടി ചേർന്നതോടെ ജെണ്ടുമല്ലി പൂവിൽ നൂറുമേനി വിളവെടുത്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് ഇവർ. കാട് പിടിച്ച് കിടന്ന ഭൂമി വെട്ടിത്തെളിച്ച് ഇവർ കൃഷിയോഗ്യമാക്കി. പാറക്കര വാർഡിലെ 30 സെന്റ് സ്ഥലം നിറയെ വിടർന്ന് നിൽക്കുന്ന ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ജെണ്ടുമല്ലി പൂക്കൾ കാണാനും ഫോട്ടോയെടുക്കാനും സന്ദർശകരുടെ എണ്ണവും ഏറിയിരിക്കുകയാണ്. ജെണ്ടുമല്ലിയുടെ ഹൈബ്രിഡ് ഇനങ്ങളാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പൂവ് കൃഷി നടപ്പാക്കിയത്. വരുന്ന നവരാത്രികാലവും, ഉത്സവകാലവും ലക്ഷ്യമിട്ട് വാടാമല്ലി, ജെണ്ടുമല്ലി എന്നിവയുടേയും കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. മഴയുടെ കുറവ് കൃഷിയെ സാരമായി ബാധിച്ചിട്ടില്ല. ഓണക്കാലത്തേക്കുള്ള ആദ്യ ഘട്ട വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പിന് മുൻപ് തന്നെ ആവശ്യക്കാർ പൂക്കൾ ബുക്ക് ചെയ്തു കഴിഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
 

Latest News