Sorry, you need to enable JavaScript to visit this website.

സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്‌സണൽ ബോർഡ്

കോഴിക്കോട് - ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളിൽ പേഴ്‌സണൽ ബോർഡ് വിളിച്ചുചേർക്കുന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളേയും ചേർത്തു നിർത്തുന്ന സമീപനമാണ് ബോർഡ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വിവിധ മതനേതാക്കളുടെ മീറ്റിംഗ് ബോർഡ് സംഘടിപ്പിച്ചു. ഏക സിവിൽകോഡ് എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഒരുമിച്ച് ഇതിനെ ചെറുക്കണമെന്നും പ്രസ്തുത മീറ്റിംഗിൽ മതനേതാക്കൾ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

വ്യക്തിനിയമങ്ങളെ സംരക്ഷിക്കുക, ശരീഅത്തിന്റെ ആവശ്യകത വിശ്വാസികളെ ബോധ്യപ്പെടുത്തൽ, വിവിധ സമുദായങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് പേഴ്‌സണൽ ബോർഡിന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങൾ മറച്ച് വെക്കാൻ കൂടിയാണ് ധ്രുവീകരണ സ്വഭാവമുള്ള അജണ്ടകൾ ഭരണകൂടം പുറത്തെടുക്കുന്നത്. ഏകസിവിൽ കോഡ് വിഷയം വേണ്ട രീതിയിൽ ഫലിക്കാത്തതിനാലാണ് ഗ്യാൻ വ്യാപിയിലേക്ക് നീങ്ങിയിരിക്കുന്നത്.
സംഘ്പരിവാറിന്റെ വംശീയഅജണ്ടകൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള എല്ലാ നീക്കവും രാജ്യത്തെ മാരകമായി പരിക്കേൽപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹരിയാനയിലും മണിപ്പൂരിലും നീതി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാവണെമെന്നും എസ്.ക്യു.ആർ. ഇല്യാസ് ആവശ്യപ്പെട്ടു.

പേഴ്‌സണൽ ബോർഡ് എക്‌സിക്യൂട്ടീവ് മെമ്പർ ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, ബോർഡ് ക്ഷണിതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.

പി.എം.എ സലാം, എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല (മുസ്‌ലിം ലീഗ്), ഉമ്മർ ഫൈസി മുക്കം (സമസ്ത കേരള ജംഇയ്യതുൽ ഉലമ), നാസർ ഫൈസി കൂടത്തായി (എസ്.വൈ.എസ്), അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി (സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ), പ്രാഫ. എ.കെ അബ്ദുൽ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), എം.ഐ അബ്ദുൽ അസീസ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹകീം നദ്‌വി (ജമാഅത്തെ ഇസ്‌ലാമി), എൻ.വി അബ്ദുറഹ്മാൻ, അനസ് കടലുണ്ടി (കെ.എൻ.എം), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമാ ഹിന്ദ്, കേരള), അഡ്വ. മുഹമ്മദ് ഹനീഫ (മർകസു ദ്ദഅവ), ഡോ.മുഹമ്മദ് യൂസുഫ് നദ്‌വി (റാബിത്വതുൽ അദബിൽ ഇസ്‌ലാമി), ഖാസിമുൽ ഖാസിമി (മജ്‌ലിസുത്തൗഹീദ്), ഇസ്സുദ്ദീൻ നദ്‌വി (നദ്‌വതുൽ ഉലമാ കേരള ചാപ്റ്റർ), വി. റസൂൽ ഗഫൂർ (മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷൻ) എന്നിവർ വിവിധ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
 

Latest News