Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വിമാനത്താവളത്തെ ഉഡാനില്‍ നിന്നൊഴിവാക്കുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഉഡാന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആന്റോ ആന്റണിക്കും രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. കേരളം ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. കണ്ണൂര്‍ വിമാനത്താവളത്തെ കസ്റ്റംസ് എയര്‍പോര്‍ട്ട് ആയി വിജ്ഞാപനം ചെയ്ത് സി.ഐ.എസ്.എഫിനെ നിയോഗിക്കുന്നതിനുള്ള അനുമതി നില്‍കിയിട്ടുണ്ട്. അന്തര്‍ദേശീയ സര്‍വീസുകളുടെ കാര്യത്തില്‍ എയര്‍ലൈനുകള്‍ക്കു തന്നെ തീരുമാനമെടുക്കാമെന്നും മന്ത്രി മറുപടിയില്‍ അറിയിച്ചു.
മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി ദേശീയ തലത്തില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും നീതി ഉറപ്പാക്കാന്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റീസ് സിങ്കു കമ്മീഷന്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റി ഈ ആവശ്യം ഉന്നയിച്ച് ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. സര്‍ക്കാര്‍ ഈ കോര്‍പ്പറേഷന്‍ വഴി മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കി വരുന്നു. കേന്ദ്ര സര്‍ക്കാരും കേരളത്തിന്റെ മാതൃകയില്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഒരു പരിധി വരെ സഹായമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 300 പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മാണമാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി 1250 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഫ്‌ളെഡ് മാനേജ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് 300 പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മാണത്തിന് തുക അനുവദിക്കേണ്ടത്.
കുട്ടനാട്ടിലെ രണ്ടാം കൃഷി വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് രാഷ്ട്രീയ കൃഷി വീകാസ് യോചനയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിനോട് കൊടിക്കുന്നില്‍ സുരേഷ് അഭ്യര്‍ഥിച്ചു.
 കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് എം.കെ രാഘവന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം തന്നെ എയിംസ് അനുവദിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ കോഴിക്കോട് ജില്ലയില്‍ ഏകദേശം 200 ഏക്കര്‍ ഭൂമി ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. എയിംസ് കേരളത്തില്‍ വന്നാല്‍ ആരോഗ്യ മേഖലയില്‍ വന്‍ ഉയര്‍ച്ചയിലേക്കു വഴി തെളിക്കും. അതിനു പുറമേ മലബാറിലെ ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി.

Latest News