കൊച്ചി-കേരള സർക്കാർ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, മത്സ്യഫെഡ്, പാലായ്ക്കരി യൂണിറ്റുമായി സഹകരിച്ച് പുതുതായൊരു ബാക്ക് വാട്ടർ ക്രൂയിസ് സർവീസ് ആരംഭിക്കുന്നു. 13-ന് രാവിലെ 10 മണിക്ക് കൊച്ചി മറൈൻഡ്രൈവിൽ നിന്നുമാണ് ആദ്യയാത്ര പുറപ്പെടുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ആസ്വദിക്കാനുള്ള സുവർണ്ണാവസരമാണ് കെ.എസ്.ഐ.എൻ.സി. യാത്രക്കാർക്ക് ഒരുക്കിയിട്ടുള്ളത്. കൊച്ചി മറൈൻഡ്രൈവ് കെ.എസ്.ഐ.എൻ.സി. ക്രൂയിസ് ടെർമിനലിൽ നിന്നും രാവിലെ 10 മണിയ്ക്ക് പുറപ്പെട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ്, തേവര, ഇടക്കൊച്ചി, അരൂർ, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട വഴി ജലമാർഗ്ഗം പാലായ്ക്കരി എത്തി ഉച്ചയൂണും ബോട്ടിംഗും മറ്റ് വിനോദങ്ങളും ആസ്വദിച്ചതിനുശേഷം വൈകിട്ട് 5 മണിയോടെ തിരികെ കൊച്ചിയിൽ തിരിച്ചെത്തുന്ന പാക്കേജിന് ഒരാൾക്ക് 999 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
യാത്രയിലുടനീളം യാത്രവിവരണങ്ങൾ നൽകുവാൻ ഗൈഡും, ആടാനും പാടാനുമുള്ള അന്തരീക്ഷമൊരുക്കുവാൻ ഗായകരും ഉണ്ടായിരിക്കും. ടീ, സ്‌നാക്‌സ്, വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം എന്നിവയും ലഭ്യമാണ്. മത്സ്യഫെഡ് യൂണിറ്റിൽ ലഭ്യമായ പെഡൽ ബോട്ടുകൾ, കുട്ട വഞ്ചികൾ, തുഴ വഞ്ചികൾ, കയാകുകൾ എന്നിവയും പാക്കേജ് നിരക്കിൽ തന്നെ സൗജന്യമായി ഉപയോഗിക്കാനാകും. മോട്ടോർ ബോട്ട് ഉപയോഗപ്പെടുത്തിയുള്ള ഫാം വിസിറ്റിനും വില്ലേജ് ടൂർ പ്രോഗ്രാമിനും, മെനുവിൽ പെടാത്ത അധിക മത്സ്യ വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിനും മത്സ്യഫെഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക് അധികമായി നൽകേണ്ടിവരും. കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിംഗിനുമായി 9846211143/9744601234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.