ന്യൂദൽഹി- വർഗീയ കലാപമുണ്ടായ ഹരിയാനയിലെ നുഹിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഭരണകൂടത്തിന് വീഴ്ചകളുണ്ടായെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ഥിതിഗതികൾ പൂർണമായും വിലയിരുത്താൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചില്ല. നുഹിലെ ജില്ലാ പോലീസ് മേധാവി ജൂലൈ 22 മുതൽ അവധിയിലായിരുന്നു. അധിക ചുമതലയുള്ളയാൾക്ക് സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ല. കലാപത്തിനുശേഷം ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റിയിട്ടുണ്ട്.
അക്രമത്തിലേക്കും കലാപത്തിലേക്കും നയിച്ച ഘോഷയാത്രയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് അത് ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ലെന്നും ഇതും അന്വേഷിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.