ലഖ്‌നൗ- ഉത്തർപ്രദേശിൽ എരുമയും ഉടമയും വൈദ്യുതാഘാതമേറ്റ് മരിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. മോഹൻലാൽഗഞ്ചിലെ കുശ്ലിഖേര ഗ്രാമത്തിലാണ് സംഭവം. വൈദ്യുത തൂണിൽനിന്ന് താഴ്ന്ന വയറിൽ സ്പർശിച്ചതിനെ തുടർന്ന് എരുമയും അതിന്റെ ഉടമയും മരിച്ചത്. എരുമയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉടമക്കും ഷോക്കേറ്റത്.
മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹം ബനി മോഹൻലാൽഗഞ്ച് റോഡിൽ കിടത്തിയാണ് മണിക്കൂറുകളോളം വാഹനഗതാഗതം തടഞ്ഞത്. ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം നൽകാമെന്ന് ജില്ലാ അധികൃതരും പവർ കോർപ്പറേഷൻ അധികൃതരും നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ദിനേഷ് കുമാർ യാദവ് എന്ന 55 കാരനാണ് മരിച്ചത്. ഉടൻ തന്നെ യാദവിന്റെ ബന്ധുക്കളെ വിവരമറിച്ച നാട്ടുകാർ മോഹൻലാൽഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. യാദവിന്റെയും എരുമയുടെയും മരണത്തിന് വൈദ്യുതി വകുപ്പാണ് ഉത്തരവാദിയെന്ന് ആരോപിച്ചാണ് മരിച്ചയാളുടെ ബന്ധുക്കൾ ബനി മോഹൻലാൽഗഞ്ച് റോഡ് ഉപരോധിച്ചത്. വൈദ്യുത തൂണുകളിലെ തകരാറുകളെ കുറിച്ച് പല തവണ വൈദ്യുതി വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണികൾക്കായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.