പ്രയാഗ്‌രാജ്- ഉത്തർപ്രദേശിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സംസ്ഥാന സർക്കാരിനോട് അലഹബാദ് ഹൈക്കോടതി പ്രതികരണം തേടി. ഗോരഖ്പൂരിലെ സാമൂഹിക പ്രവർത്തകനായ കാളി ശങ്കർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എം.സി ത്രിപാഠിയും ജസ്റ്റിസ് പ്രശാന്ത് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പട്ടികജാതി-പട്ടികവർഗങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായെന്നും അവർ യഥാക്രമം 15 ശതമാനവും 7.5 ശതമാനവുമാണെന്നും ഹരജിക്കാരൻ പറഞ്ഞു. ജനസംഖ്യാനുപാതികമായി സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും എന്നാൽ മറ്റ് പിന്നാക്ക ജാതിക്കാരുടെ ജാതി സെൻസസ് പതിറ്റാണ്ടുകളായി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ കണക്ക് അറിയാൻ ഒബിസികളുടെ ജാതി സെൻസസ് നടത്തണമെന്നും അതനുസരിച്ച് അവർക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയണമെന്നും ഹരജിക്കാരൻ പറഞ്ഞു. സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട ഹരജി നാലാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.