കാൺപൂർ- ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വവർഗ ഡേറ്റിംഗ് ആപ്പ് വഴി നടത്തിയിരുന്ന സെക്സ് റാക്കറ്റ് തകർത്ത പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. ബ്ലൂഡ്' എന്ന സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് ആപ്പിലാണ് വ്യാജ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്തിരുന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലഖൻ സിംഗ് യാദവ് പറഞ്ഞു.
ഇരകളോട് സൗഹൃദം സ്ഥാപിക്കുന്ന ഇവർ ചാറ്റ് നടത്തിയ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും നഗ്ന വീഡിയോകൾ ചിത്രീകരിക്കുകയുംമാണ് ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുകയും അവരുടെ ഫോൺ ഉപയോഗിച്ച് യുപിഐ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കൈമാറുകയും ചെയ്യും. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇതൊക്കെ ചെയ്തിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തന്റെ നഗ്നവീഡിയോ ചിലർ പകർത്തിയെന്നും അത് ബ്ലാക്ക്‌മെയിലിംഗിനായി ഉപയോഗിക്കുകയാണെന്നും ആരോപിച്ച് ഇരകളിലൊരാൾ പോലീസിനെ സമീപിച്ചതോടെയാണ് റാക്കറ്റിനെ കണ്ടെത്താൻ സാധിച്ചതെന്ന് ലഖൻ സിംഗ് യാദവ് വാർത്താ ഏജൻസിയോട് പറഞ്ഞു.കല്യാൺപൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണമാണ് സംഘത്തെ വേട്ടയാടാൻ സഹായകമായത്.ദിലീപ് എന്ന പ്രദ്യുമ്‌ൻ സിംഗ് (21), അരുൺ രാജ്‌പൂത് (22), വിപിൻ സിംഗ് (21), പവൻ കുമാർ സിംഗ് (22), പ്രവീൺ സിംഗ് (20), ബ്രിജേന്ദ്ര സിംഗ് (19) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ച് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, വിവിധ ബാങ്കുകളിൽനിന്നുള്ള ഒമ്പത് എടിഎം കാർഡുകൾ, പോലീസ് യൂണിഫോം എന്നിവ പോലീസ് കണ്ടെടുത്തു.