Sorry, you need to enable JavaScript to visit this website.

വിഗ്രഹവും ത്രിശൂലവും കണ്ടെത്തിയെന്ന വ്യാജ പ്രചാരണം തടയാൻ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

വാരണാസി- വ്യാജവും തെറ്റായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗ്യാൻവാപി മസ്ജിദ് പരിപാലിക്കുന്ന അഞ്ജുമൻ ഇൻതസാമിയ മസ്ജിദ് (എഐഎം) കമ്മിറ്റി വാരണാസി ജില്ലാ കോടതിയിൽ ഹരജി നൽകി. ഇതുവരെ സർവേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കമ്മിറ്റി  ഹരജിയിൽ ആരോപിച്ചു.

കോടതിയുടെ നിർദ്ദേശപ്രകാരമാണ് സർവേ നടക്കുന്നതെന്നും എഎസ്‌ഐ ഉദ്യോഗസ്ഥരാരും ഇതുവരെ പ്രസ്താവനയൊന്നും നൽകിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. എന്നാൽ സാമൂഹിക, അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ ഈ ഭാഗങ്ങളെക്കുറിച്ച് തെറ്റായ വാർത്തകൾ ഏകപക്ഷീയമായി പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് ഹരജിയിൽ പറയുന്നു.

സമാധാനം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ വികാരത്തെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സർവേയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും സോഷ്യൽ, പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളെ തടയേണ്ടത് ആവശ്യമാണ്.

ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കഴിഞ്ഞയാഴ്ച സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.  ഭൂതകാലത്തിന്റെ മുറിവുകൾ വീണ്ടും തുറക്കാനാണ് ശ്രമമെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചിരുന്നു.

സർവേയിൽ ഹിന്ദു വിഗ്രഹവും ത്രിശൂലവും കണ്ടെത്തിയതായി കിംവദന്തികൾ പ്രചരിക്കുന്നതായി  മുസ്ലിം പക്ഷം ആരോപിച്ചു. ഇത്തരം കിംവദന്തികൾ അവസാനിപ്പിക്കണമെന്ന് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Latest News