പത്തനംതിട്ട - അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ ടോറസ് ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ-ഷീബ ദമ്പതികളുടെ മകളും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയുമായ ജെസ്ന ജെയ്സൺ(15) ആണ് മരിച്ചത്.
പത്തനംതിട്ട വള്ളിക്കോട് വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. എതിർ ദിശയിലെത്തിയ ടോറസ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയടിച്ച് തെറിച്ചുവീണ ജെസ്നയെ ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ഷീബ പരുക്കുകളോടെ രക്ഷപ്പെട്ടു.