ദുബായ്- പത്തു വര്‍ഷമായി മകനെ കാണാതിരുന്ന കുടുംബം ഒടുവില്‍ മകന്റെ ചാരത്തെത്തിയപ്പോള്‍ കണ്ണീര് മാത്രം ബാക്കി. മകനെ മരിച്ച നിലയില്‍ കണ്ടെത്തിയ മാതാപിതാക്കളുടെ ഹൃദയം തകര്‍ന്നു. പത്തുവര്‍ഷത്തിലേറെയായി മകനെ കാണാതിരുന്ന ഇന്ത്യന്‍ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞതിനെത്തുടര്‍ന്ന് ജന്മനാട്ടില് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി പറഞ്ഞു. അതിനു ശേഷം അയാള്‍ നാട്ടിലേക്ക് പോയില്ല.
മകനുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആശങ്കയിലായ മാതാപിതാക്കള്‍ അവനെ അന്വേഷിച്ച് യു.എ.ഇയിലേക്ക് വരാന്‍ തീരുമാനിച്ചു. വിലാസവുമായി പല വാതിലുകളിലും മുട്ടി. ഒടുവില്‍, ദിവസങ്ങള്‍ക്കുശേഷം, മാതാപിതാക്കള്‍ മകന്റെ താമസസ്ഥലം കണ്ടത്തിയപ്പോഴാണ് മരിച്ചു എന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.
ഹൃദയാഘാതം മൂലമായിരുന്നു മരണം. ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാലും ആരുമായും അധികം ബന്ധമില്ലാത്തതിനാലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
മാതാപിതാക്കളുടെ മുഖത്തെ ദുഃഖം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നു അഷ്റഫ് പറഞ്ഞു. 'ഞാന്‍ കൈകാര്യം ചെയ്ത ഏറ്റവും ഹൃദയഭേദകമായ കേസുകളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.