പോസ്റ്റ് സ്റ്റഡി വിസ നിയന്ത്രണവും സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ തീരുമാനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയ, ക്യാനഡ, ന്യൂസിലാന്റ്, ബള്‍ഗേറിയ എന്നിവിടങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. ഈ ഒഴുക്കിന്റെ ഫലമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയ ഏറെ മുന്നിലെത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് റിസേര്‍ച്ച് വിങ് ആണ് വിദേശ വിദ്യാര്‍ത്ഥികളുടെ ലോകത്തെ രണ്ടാമത്തെ വലിയ കേന്ദ്രമായി ഓസ്‌ട്രേലിയമാറിയ കാര്യം വ്യക്തമാക്കിയത്. അമേരിക്കയാണ് ഒന്നാമത്. വളരെ പെട്ടെന്ന് ആണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓസ്‌ട്രേലിയയില്‍ കുതിച്ചുയരുന്നത്. 12 ശതമാനത്തില്‍ നിന്ന് 14 ശതമാനമായാണ് ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയത്. യുകെയിലെ വിദ്യാഭാസ നിലവാരം ഉയര്‍ന്നതാണെങ്കിലും സര്‍ക്കാര്‍ നയങ്ങളാണ് തിരിച്ചടിയാവുന്നത്. ലണ്ടന്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണെങ്കിലും മെല്‍ബനും സിഡ്‌നിയുമൊക്കെ ആദ്യ പത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു.