Sorry, you need to enable JavaScript to visit this website.

വാര്‍ത്ത അറിഞ്ഞയുടന്‍ പള്ളിയിലെത്തി ചാണ്ടി ഉമ്മന്‍, പ്രചാരണ ബോര്‍ഡുകള്‍ നിരന്നു തുടങ്ങി

കോട്ടയം -  പുതുപ്പള്ളിയില്‍ അപ്പയുടെ പിന്‍ഗാമിയായി തന്നെ നിയോഗിച്ചുവെന്ന അറിഞ്ഞ ഉടന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പള്ളിയിലെത്തി. പിതാവിന്റെ അതേ പ്രാര്‍ഥനാ വഴിയില്‍. ഏതു പ്രതിസന്ധിയിലും വിജയത്തിലും ഉമ്മന്‍ചാണ്ടിക്കു ആശ്വാസവും ആഹഌദവുമായ പള്ളി അങ്കണം. സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പിച്ചതോടെ ചാണ്ടി ഉമ്മന്‍ ചാനല്‍ ക്യാമറാ വലയത്തിലായി. ഇരുളു വീണത്തോടെ ക്യാമറാ ലൈറ്റുകളുടെ പ്രഭാവലയം. ആദ്യം പള്ളിയിലേക്ക്. അവിടെ അള്‍ത്താരയ്ക്കു മുന്നില്‍ കൈകൂപ്പി പ്രാര്‍ഥാനിരതനായി. പിന്നെ അപ്പയുടെ കബറിലേക്ക്. ദിവസങ്ങളായി ഇവിടെയാണ് ചാണ്ടി ഉമ്മനും അമ്മയും സഹോദരിമാരും. പകല്‍ മുഴുവന്‍ അന്ത്യവിശ്രമ സ്ഥലത്ത് എത്തുന്നവരുടെ കരംഗ്രഹിച്ച് കൈകൂപ്പി.

ചാണ്ടി ഉമ്മനാണ് സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞതോടെ പ്രവര്‍ത്തകരും എത്തി. നേതാക്കളും. അവരും ചാണ്ടിയ്‌ക്കൊപ്പം പള്ളിയങ്കണത്തിലേക്ക് പ്രവേശിച്ചു. അഭിനന്ദനം അറിയച്ചവരോട് കൈകൂപ്പി. ചിലര്‍ അനുമോദനം ചെവിയിലറിയിച്ചു. ഭാവഭേദങ്ങളില്ലാതെ ചാണ്ടി ഉമ്മന്‍.തനിക്ക് കൂടുതലായി ഒന്നു പറയാനില്ലെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ അറിയിച്ചു.

പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം വലിയ ഉത്തരവാദിത്തമാണ്.പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റും.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പാണ്.കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണവും,വികസനം ഉള്‍പ്പെടെ ചര്‍ച്ചയാകും.ഉമ്മന്‍ചാണ്ടി ജീവിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണ്.പിതാവിന്റെ വഴിയേ തന്നെ വിജയിക്കുക എന്നത് തന്റെ കടമ.
അതേസമയം വാര്‍ത്ത പുറത്തെത്തി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണ്ടി ഉമ്മനുവേണ്ടി പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

 

Latest News