കാസർകോട്-പണയസ്വർണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൂച്ചക്കാട് കീക്കാനത്തെ ഷൗക്കത്തലിക്കും കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. ഇവർ ഒളിവിലാണെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മീപ്പുഗിരിയിലെ പ്രദീപ് ജോയിയുടെ പരാതിയിലാണ് കേസ്. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് പൂച്ചക്കാട്ടെ ഒരു സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയ ആഭരണങ്ങൾ തിരിച്ചെടുത്ത് വിൽപ്പന നടത്താമെന്ന് ഷൗക്കത്തലിയും കൂട്ടാളിയും പ്രദീപ് ജോയിയെ അറിയിച്ചിരുന്നു. ഇതിനായി 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു. പ്രദീപ് ജോയി പണം നൽകിയെങ്കിലും പ്രതികൾ ബാങ്കിൽ നിന്നെടുത്ത സ്വർണമോ പണമോ നൽകാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് കേസ്.