ന്യൂദല്‍ഹി - അതിര്‍ത്തി മേഖലയിലെ റോഡ് കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏഴ് പുതിയ തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, അഞ്ച് തുരങ്കങ്ങള്‍ പൂര്‍ത്തിയായെന്നും പത്തെണ്ണം എണ്ണം നിലവില്‍ പുരോഗമിക്കുകയാണെന്നും പുതുതായി ഏഴെണ്ണം ആസൂത്രണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ പദ്ധതികളില്‍ 9.02 കിലോമീറ്ററോളമുള്ള അടല്‍ തുരങ്കവും ഉള്‍പ്പെടുന്നുണ്ട്. . ഗുവാഹത്തിയേയും തവാംഗിനേയും ബന്ധിപ്പിക്കുന്ന സെല ടണല്‍ ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.