Sorry, you need to enable JavaScript to visit this website.

അൽഹസയിൽ നെൽകൃഷി സീസണ് തുടക്കം

അൽഹസയിലെ പാടങ്ങളിൽ ഞാറ് നടുന്നവർ.

ദമാം - കിഴക്കൻ പ്രവിശ്യയിൽ പെട്ട അൽഹസയിൽ നെൽകൃഷി സീസണ് തുടക്കമായി. എല്ലാ വർഷവും ഓഗസ്റ്റ് ആദ്യത്തിലാണ് അൽഹസയിൽ നെൽകൃഷി സീസൺ ആരംഭിക്കുക. ചുവന്ന നിറത്തിലുള്ള അൽഹസ (അൽഹസാവി) അരി ഏറെ പ്രശസ്തമാണ്. പ്രദേശവാസികളുടെ ഭക്ഷണ പട്ടികയിലും പ്രദേശത്തിന്റെ പൈതൃകത്തിലും ഇത് ഒരു പ്രധാന ഭാഗമാണ്. പാചകം ചെയ്യുന്ന രീതി, ധാതുപോഷകങ്ങൾ, വിറ്റാമിനുകൾ എന്നിവ അൽഹസ അരിയെ വ്യതിരിക്തമാക്കുന്നു. നെൽകൃഷി തുടങ്ങുന്നതിൽ അൽഹസ കർഷകർ ആഹ്ലാദത്തിലാണ്. വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന നെൽകൃഷിക്കുള്ള തയാറെടുപ്പുകൾ വളരെ നേരത്തെ ആരംഭിച്ചിരുന്നതായി കർഷകരർ പറയുന്നു.
ഓരോ പ്രവിശ്യയുടെയും താരതമ്യ സവിശേഷതകൾക്കനുസരിച്ച് കാർഷിക വിളകൾക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വലിയ ശ്രദ്ധ നൽകുന്നതായി അൽഹസ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് മേധാവി എൻജിനീയർ ഇബ്രാഹിം അൽഖലീൽ പറയുന്നു. ഉയർന്ന സാമ്പത്തിക മൂല്യമുള്ള അൽഹസ അരി അടക്കം നിരവധി കാർഷിക വിളകൾക്ക് അൽഹസ പ്രശസ്തമാണ്. നെല്ലിന്റെ വളർച്ചയുടെ ഘട്ടത്തിൽ 48 ഡിഗ്രി വരെ ചൂടും ധാരാളം വെള്ളവും വെള്ളം നിലനിർത്തുന്ന നേരിയ അസിഡിറ്റിയുള്ള കളിമണ്ണും ആവശ്യമാണ്. ഇവയെല്ലാം അൽഹസയുടെ സവിശേഷതയാണ്.
ആദ്യം വിത്ത് വിതച്ച് ഞാറുണ്ടാക്കുകയാണ് ചെയ്യുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഈ പ്രക്രിയ. വിത്തിൽ മുള പൊട്ടുന്നതോടെ പാടത്ത് എട്ടു മുതൽ പതിനാലു ദിവസം വരെ വെള്ളം കെട്ടിനിർത്തും. ഇതിനു ശേഷം സാധാരണ രീതിയിൽ 40 ദിവസം ജലസേചനം നടത്തും. ഇതിനു ശേഷം പാടത്തു നിന്ന് വെള്ളം ഒഴിവാക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഞാറ് പറിച്ച് വിശാലമായ പാടങ്ങളിലെത്തിക്കും. അൽഹസയിലെ നെൽപാടങ്ങൾക്കു ചുറ്റും സാധാരണയിൽ ഈത്തപ്പനകളുണ്ടാകും.
പാടങ്ങളിൽ ഞാറ് നട്ട് നല്ല രീതിയിൽ പരിചരിച്ച് ഡിസംബർ ആദ്യത്തിൽ കൊയ്ത്ത് നടത്തും. അൽഹസയിൽ സന്തോഷത്തിന്റെ ദിവസങ്ങളാണിവ. യന്ത്ര സഹായമില്ലാതെ കൈകൊണ്ടാണ് നെല്ല് കൊയ്യുന്നത്. നെല്ല് കറ്റകൾ നന്നായി ഉണങ്ങാൻ വേണ്ടി ഏതാനും ദിവസം വെയിലത്ത് പരത്തിയിടും. ഇതിനു ശേഷമാണ് കറ്റ മെതിച്ച് നെല്ലും വയ്‌ക്കോലും വേർതിരിച്ചെടുക്കുകയെന്നും എൻജിനീയർ ഇബ്രാഹിം അൽഖലീൽ പറഞ്ഞു.

Latest News