തിരുവനന്തപുരം- ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള നിയമസഭ ഏക കണ്ഠമായി പ്രമേയം പാസാക്കി. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു സഭ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം ഉന്നയിച്ച തിരുത്ത് അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്.
കൂടിയാലോചനയ്ക്ക് ശേഷമേ സിവിൽ കോഡ് നടപ്പാക്കാവൂ എന്ന പ്രമേയത്തിലെ വാചകം മാറ്റണമെന്ന് സ്പീക്കർ എ.എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. ചർച്ച പോലും വേണ്ടെന്നും യു.സി.സി നടപ്പിലാക്കരുതെന്നും ഷംസീർ പറഞ്ഞു. ഏക സിവിൽ കോഡ് ഒരു കാരണവശാലും നടപ്പാക്കാൻ പാടില്ലെന്നും ഭേദഗതി ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. പ്രമേയം കൊണ്ടുവന്ന നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ആദ്യം പറഞ്ഞിരിക്കുന്ന പോലെ അവസാനവും കൃത്യത വേണമെന്നും സതീശൻ പറഞ്ഞു. ചർച്ചകൾക്ക് ശേഷമേ നടപ്പാക്കാവു എന്ന വാചകം മാറ്റണം. എല്ലാവർക്കും ഒരേ നിലപാടാണെന്ന് കരുതുന്നുവെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഈ തിരുത്തലോടെയാണ് പ്രമേയം പാസാക്കിയത്.
.
ഏക സിവിൽ കോഡ് - മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം
ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ കേരള നിയമസഭ ആശങ്കയും ഉൽക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.
ഭരണഘടന അതിന്റെ നിർദ്ദേശക തത്വങ്ങളിൽ മാത്രമാണ് പൊതു സിവിൽ നിയമത്തെക്കുറിച്ചു പരാമർശിക്കുന്നത്. നിർദ്ദേശക തത്വങ്ങളിൽ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിർബന്ധ സ്വഭാവമുള്ളവയല്ല നിർദ്ദേശക തത്വങ്ങൾ. മൗലികാവകാശങ്ങൾ നിർബന്ധിതമായി നടപ്പാക്കാൻ കോടതിക്കു കൽപിക്കാം. എന്നാൽ, കോടതിക്ക് പോലും നിർബ്ബന്ധിതമായി നടപ്പാക്കണം എന്ന് കൽപിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിർദ്ദേശക തത്വങ്ങൾ. ഭരണഘടനാ ശിൽപികൾ എത്രമേൽ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.
ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നൽകുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തിൽ വിശ്വസിക്കാനും അതിൻപ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നൽകുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങൾ അനുസരിക്കാനും ജീവിതത്തിൽ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉൾക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിർമ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.
ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ പറയുന്നത് ഒരു പൊതു സിവിൽ നിയമസംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തിൽ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളിൽ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വർഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേൽപ്പിക്കലുകൾ എന്നും വിലയിരുത്തുന്നു.
കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ തന്നെ ഏക സിവിൽ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നിരുന്നു. ആ അവസരത്തിൽ ഡോ. ബി ആർ അംബേദ്കർ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീർണമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.
വ്യക്തിനിയമങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളിൽ നിലനിർത്തിക്കൊണ്ടുള്ള പൊതു സിവിൽ നിയമത്തിനായി വേണമെങ്കിൽ പാർലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കർ അതുപോലും നിർബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവിൽ നിയമ പരാമർശം നിർദ്ദേശക തത്വങ്ങളിൽ മാത്രമായി പരിമിതപ്പെട്ടത്.
രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഈസഭ ഏകകണ്‌ഠേന ആവശ്യപ്പെടുന്നു.