ന്യൂദൽഹി- വർഗീയ കലാപം രൂക്ഷമായ നൂഹിലും ഗുരുഗ്രാമിലും ബുൾഡോസർ നടപടികൾ നിർത്തിവെച്ചുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിൽ സർക്കാറിനെതിരെ രൂക്ഷ പരാമർശം. ഹരിയാന സർക്കാരിന് നോട്ടീസ് നൽകുന്നതിനിടെ കോടതി വംശീയ ഉന്മൂലന പരാമർശവും നടത്തി. ക്രമസമാധാന പ്രശ്നത്തിന്റെ മറവിൽ ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്നതും പ്രശ്നമാണെന്ന് ഉത്തരവിൽ കൃത്യമായി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ വർഗീയ കലാപം അന്വേഷിക്കുന്നതിനാൽ ബുൾഡോസറുകൾ ഇലാജിന്റെ (ചികിത്സ) ഭാഗമാണെന്ന ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ പരാമർശം പരാമർശിച്ച കോടതി, ഇംഗ്ലീഷ് എഴുത്തുകാരനും ചരിത്രകാരനുമായ ലോർഡ് ആക്റ്റന്റെ ഉദ്ധരണിയിലൂടെയാണ് തിരിച്ചടിച്ചത്.
'അധികാരം അഴിമതിയുടെ പ്രവണത കാണിക്കുന്നു. സമ്പൂർണ അധികാരം പൂർണ്ണമായി ദുഷിപ്പിക്കുന്നുവെന്ന വാചകമാണ് സംസ്ഥാന സർക്കാറിന് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്. പൊളിക്കുന്നതിനുള്ള ഉത്തരവുകളും നോട്ടീസുകളുമില്ലാതെ, നിയമപ്രകാരം സ്ഥാപിച്ച നടപടിക്രമങ്ങൾ പാലിക്കാതെ, ക്രമസമാധാന പ്രശ്നം കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള തന്ത്രമായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയെ തുടർന്ന് ബുൾഡോസർ നടപടി നിർത്തിവയ്ക്കാൻ ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹരിയാനയിലെ വർഗീയ സംഘർഷങ്ങളിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും വൻ സ്വത്ത് നഷ്ടപ്പെടുകയും നൂഹിലും ഗുരുഗ്രാമിലും പരിഭ്രാന്തി പരത്തുകയും ചെയ്തതിന് ശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് കോടതി സ്വമേധയാ കേസ് എടുത്തത്. നാല് ദിവസത്തിനുള്ളിൽ 350 ഓളം കുടിലുകളും 50 കോൺക്രീറ്റ് കെട്ടിടങ്ങളുമാണ് തകർത്തത്.