വാരണാസി- ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അഞ്ചാം ദിവസവും സർവേ തുടരുന്നു. ഗ്യാൻവാപി സമുച്ചയത്തിൽ രാവിലെ എട്ടിനാണ് ശാസ്ത്രീയ സർവേ പുനരാരംഭിച്ചതെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ പറഞ്ഞു. പള്ളിയുടെ താഴികക്കുടത്തിന്റെ പരിശോധന പൂർത്തിയായിട്ടില്ല. അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ചില ഭാഗങ്ങളിൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും സാധ്യമല്ലെന്ന് അഡ്വക്കേറ്റ് സുധീർ ത്രിപാഠി എഎൻഐയോട് പറഞ്ഞു.
പുരാവസ്തു വകുപ്പിന്റെ സർവേ തുടരുന്നതിനാൽ പള്ളി സമുച്ചയത്തിൽ കനത്ത സുരക്ഷയാണ് തുടരുന്നത്. സർവേയിൽ ഞങ്ങൾ വളരെ ആവേശത്തിലാണെന്നും തഹ്‌ഖാന ഇന്ന് തുറന്നേക്കാമെന്നും ഹിന്ദു പക്ഷത്തെ ഹരജിക്കാരി രേഖാ പഥക് പറഞ്ഞു, മേൽനോട്ടം വഹിക്കലാണ് തങ്ങളുടെ ജോലിയെന്നും സർവേ രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.
പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണോ നിർമിച്ചതെന്നറിയാനുള്ളക്ക സർവേക്ക് അലഹബാദ് ഹൈക്കോടതിയാണ് എഎസ്ഐയെ അനുവദിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള സമുച്ചയത്തിൽ വുദുഖാന ഒഴികെയുള്ള സ്ഥലത്താണ് സ്ത്രീയ സർവേ ആരംഭിച്ചത്.