ന്യൂദൽഹി- നരേന്ദ്ര മോഡി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റിൽ ചർച്ചക്കെടുക്കുമ്പോൾ ചർച്ച തുടങ്ങിവെക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയായിരിക്കും. അതേസമയം, മോഡി ഇന്നും സഭയിൽ എത്തില്ല.
ബുധൻ, വ്യാഴം ദിവസങ്ങളിലും അവിശ്വാസ പ്രമേയത്തിൽ ചർച്ച നടക്കും. ചർച്ചക്ക് ഒടുവിൽ വോട്ടെടുപ്പും നടക്കും. അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ബി.ജെ.പി ഇന്ന് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയ ചർച്ച കൊണ്ടുവന്നത്. ജൂലൈ 20ന് ആരംഭിച്ച സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടു കിടക്കുകയാണ്. സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന ഏതാനും ബില്ലുകൾ മാത്രമാണ് പാസാക്കിയത്.
മണിപ്പൂർ സംബന്ധിച്ച ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി സംസാരിക്കില്ലെന്നായിരുന്നു സർക്കാർ പിടിവാശി. തുടർന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തുനിന്ന് അമിത് ഷാ, നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു എന്നീ മന്ത്രിമാരും അഞ്ചു ബി.ജെ.പി എം.പിമാരുമാണ് സംസാരിക്കുക.
1993ലും 1997ലും മണിപ്പൂരിൽ വൻ അക്രമങ്ങൾ നടന്നതിന് ശേഷം ഒരു കേസിലും പാർലമെന്റിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മറ്റൊന്നിൽ ജൂനിയർ ആഭ്യന്തരമന്ത്രിയാണ് പ്രസ്താവന നടത്തിയത് എന്നുമാണ് കേന്ദ്ര സർക്കാറിന്റെ ഭാഷ്യം.
നിലവിലെ സഹചര്യത്തിൽ പാർലമെന്റിൽ അവിശ്വാസ പ്രമേയം ഒരു നിലക്കും പാസാകില്ല. എൻഡിഎയ്ക്ക് 332 പേരുടെ ഉറപ്പായ പിന്തുണയുണ്ട്. ഇതിന് പുറമെ, ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളും ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസും എൻഡിഎയെ പിന്തുണയ്ക്കുന്നുണ്ട്. അവർക്ക് 34 എംപിമാരുണ്ട്. ഇതടക്കം സർക്കാരിന് 366 പേരുടെ പിന്തുണ ഉറപ്പാണ്. ഏകീകൃത പ്രതിപക്ഷമായ ഇന്ത്യയ്ക്ക് 142 അംഗങ്ങൾ മാത്രമേയുള്ളൂ.