ചീറ്റകളെ ഇന്ത്യയിലെത്തിച്ച പദ്ധതി ശരിയായ ദിശയിലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

ന്യൂദല്‍ഹി- ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ച പദ്ധതി ശരിയായ ദിശയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. പദ്ധതിക്ക് കീഴില്‍ 12- 14 ചീറ്റകളെ കൂടി കൊണ്ടുവരുമെന്നും ചില പ്രശ്‌നങ്ങളുണ്ടെങ്കിലും അവ ഭയപ്പെടുത്തുന്നതല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ച്ചയായി ചീറ്റകള്‍ ചാകുന്നതിന്റെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഉറപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ആഗസ്ത് വരെ ഒമ്പത് ചീറ്റകളാണ് ചത്തത്.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുനോയില്‍ എട്ട് ചീറ്റകളുടെ ആദ്യ ബാച്ചിനെ തുറന്നുവിട്ടത്. പിന്നീട് ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. 

ചില ചീറ്റകള്‍ ചുറ്റുപാട് മാറുന്നത് മൂലം മരിക്കുമെന്ന് കരുതുന്നുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വിപുലമായ ഒരുക്കങ്ങള്‍ പദ്ധതിക്ക് പിന്നിലുണ്ടെന്നും എല്ലാ വര്‍ഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും കോടതിയെ അറിയിച്ചു. 

മൂന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായ ഘടകങ്ങളിലൊന്ന് കടുത്ത വേനല്‍ക്കാലമാണെന്നും  അതിജീവിച്ച ചീറ്റകളുടെ ആരോഗ്യം നിരീക്ഷിക്കാന്‍ 11 അംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ ഭാട്ടി അറിയിച്ചു.

ചീറ്റകളെ കൊണ്ടുവന്നപ്പോള്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും അവയെ സ്ഥലം മാറ്റുമ്പോള്‍ കാഴ്ചപ്പാട് എന്തായിരുന്നുവെന്നുമുള്ള ചോദ്യങ്ങള്‍ കോടതി ഉയര്‍ത്തി.

Latest News