ന്യൂദല്‍ഹി- മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍. മണിപ്പൂരുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും പ്രതിപക്ഷത്തിനാണ് എന്തെങ്കിലും മറക്കാനുള്ളതെന്നും പറഞ്ഞ അമിത്ഷാ ഓഗസ്റ്റ് 11ന് ചര്‍ച്ച നടത്താന്‍ ഖാര്‍ഗെ സമ്മതിക്കുകയാണെങ്കില്‍ താനും തയ്യാറാണെന്നും വിശദമാക്കി.
ദല്‍ഹി സര്‍വീസ് ബില്‍ ഒരു തരത്തിലും സുപ്രിം കോടതി വിധി ലംഘിക്കുന്നില്ലെന്നു പറഞ്ഞ അമിത്ഷാ ബില്ലിലെ ഒരു വ്യവസ്ഥ പോലും തെറ്റല്ലെന്നും നിയമപ്രകാരമുളള സംവിധാനമാണ് കൊണ്ടുവന്നതെന്നും പറഞ്ഞു. അഴിമതി തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.
ദല്‍ഹിയില്‍ വിവിധ പാര്‍ട്ടികള്‍ സര്‍ക്കാരുകള്‍ രൂപീകരിച്ചിട്ടുണ്ട്. 2015ന് മുമ്പ് ബി ജെ പിയും കോണ്‍ഗ്രസും ഭരിച്ചിരുന്നു. എല്ലാവരും വികസനം ആഗ്രഹിച്ചിരുന്നു, എന്നാല്‍ മറ്റാരും തന്നെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ കേന്ദ്രവുമായി ഒരിക്കലും ഏറ്റുമുട്ടിയിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി സര്‍വീസ് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് എഎപിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണെന്നും അമിത് ഷാ ആരോപിച്ചു. ദല്‍ഹി സര്‍വീസ് ബില്‍ പാസാകുന്നതോടെ അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷ സംഘടനയായ ഇന്ത്യ വിടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബില്ലിന്മേലുള്ള ലോക്‌സഭയിലെ ചര്‍ച്ചയ്ക്കിടെയും അദ്ദേഹം സമാനമായ പരാമര്‍ശം നടത്തിയിരുന്നു.