ഇസ്ലാമാബാദ്- തോഷഖാന അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ അപകടത്തിലാണെന്ന് പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ). അറ്റോക്ക് ജയിലിലെ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും പിടിഐ കുറ്റപ്പെടുത്തുന്നു.
ഇമ്രാന്‍ ഖാനെ കാണാന്‍ ശ്രമിച്ച അഭിഭാഷകരെ ജയില്‍ അധികൃതര്‍ തടഞ്ഞിരുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്നാണ് അറിയിച്ചിരുന്നത്. ഇതിനെതിരെ പിടിഐയും അഭിഭാഷകരും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
റാവല്‍പിണ്ടിയിലെ ജയിലില്‍ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ തടവിലാക്കിയത്. കോടതി ഉത്തരവ് മറികടന്നതില്‍ ദുരൂഹതയുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ഖാന് 3 വര്‍ഷം തടവ് ശിക്ഷയാണ് ഇസ്ലാമാബാദ് കോടതി വിധിച്ചത്. അധികാരത്തിലിരിക്കെ വിലയേറിയ സമ്മാനങ്ങള്‍ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവിനു പുറമേ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം കൂടുതല്‍ തടവു ശിക്ഷ അനുഭവിക്കണമെന്നും അഡീഷണല്‍ ജഡ്ജി ഹുമയൂണ്‍ ദിലാവര്‍ വിധിച്ചിട്ടുണ്ട്.