ന്യൂദല്‍ഹി- പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഹരിയാനയിലെ നൂഹില്‍ കെട്ടിടം പൊളിക്കുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് ബുള്‍ഡോസര്‍ നടപടി നിര്‍ത്തിവെക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആറ് ജീവന്‍ അപഹരിക്കുകയും വന്‍ സ്വത്ത് നഷ്ടപ്പെടുകയും നൂഹിലും ഗുരുഗ്രാമിലും പരിഭ്രാന്തി പരത്തുകയും ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് കോടതി സ്വമേധയാ കേസ് എടുത്തത്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 350ലധികം കെട്ടിടങ്ങളാണ് തകര്‍ത്തത്.
മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപിക്കപ്പെട്ടതോടെ പൊളിക്കല്‍ നീക്കം വിമര്‍ശനത്തിന് വിധേയമായിരുന്നു. വീടുകള്‍ തകര്‍ത്തവരില്‍ പലരും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും പറഞ്ഞു.
അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റത്തിനുമെതിരെ നടപടിയെടുക്കുകയാണെന്നും ഒരു വ്യക്തിയെയും ലക്ഷ്യം വച്ചിട്ടില്ലെന്നുമാണ് പ്രാദേശിക ഭരണകൂടത്തിന്റെ വാദം.
'അനധികൃത നിര്‍മ്മാണത്തിനെതിരായ പൊളിക്കല്‍ യജ്ഞം നടക്കുന്നു, അത് തുടരും. ആരെയും ലക്ഷ്യം വച്ചുള്ള നടപടി സ്വീകരിക്കുന്നില്ല. സമാധാനം സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- തദ്ദേശവകുപ്പ് കഴിഞ്ഞ ദിവസം ഇങ്ങനെയാണ് പറഞ്ഞത്.