ചണ്ഡിഗഡ്- സംഘര്‍ഷം രൂക്ഷമായ ഹരിയാനയിലെ പാനിപ്പത്തില്‍ കൃഷ്ണ ഗാര്‍ഡനിലെ കടകള്‍ക്ക് നേരെ മുഖം മറച്ചെത്തിയ 25 ലേറെ പേര്‍ അക്രമമഴിച്ചു വിട്ടു. അക്രമികള്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു എന്നാണ് ദൃക്സാക്ഷിയായ മുഹമ്മദ് നിഹാല്‍ പറയുന്നത്. വാളും കത്തിയും ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. ഗുരുഗ്രാമിലെ അക്രമ സംഭവങ്ങളും നുഹും വാര്‍ത്തയായതിന് ശേഷം മാംസക്കട ഉടമയായ നിഹാല്‍ തന്റെ കട അടച്ചിരുന്നു. തന്റെ കട ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ് എന്നും കുടുംബത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാന്ദ്‌നി ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളില്‍ ആയുധധാരികളായ ആള്‍ക്കൂട്ടം വസ്തുവകകള്‍ നശിപ്പിക്കുകയും ആളുകളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാനിപ്പത്ത് എ എസ് പി മായങ്ക് മിശ്ര പറഞ്ഞു. ഇതുവരെ 15 പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും അവരുടെ പങ്ക് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പിന്നില്‍ ആരാണെന്നും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാരാണെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ആയുധധാരികള്‍ കൃഷ്ണ ഗാര്‍ഡന്‍, ഉജാ ഗേറ്റ്, ഇന്‍ഡോ ഫാം റോഡ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ നശിപ്പിക്കുകയും മുസ്ലീം വ്യാപാരികളോട് പ്രദേശം വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മിശ്ര പറഞ്ഞു. ഏതാനും വ്യാപാരികള്‍ക്ക് നിസാര പരിക്കേറ്റു. ഐപിസി 148, 149, 324, 427, 506 എന്നിവ പ്രകാരം ചാന്ദ്‌നി ബാഗ് പോലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ലെന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിരിയാണിയും ചിക്കന്‍ കറിയും റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷിയായ ഷാനു പറഞ്ഞു. മുസ്‌ലീങ്ങളെ 'ജയ് ശ്രീറാം' വിളിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തു.