Sorry, you need to enable JavaScript to visit this website.

താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ, ഇത് ഇടതുപച്ച മുന്നണി... സജി ചെറിയാനെക്കുറിച്ച് കെ. സുരേന്ദ്രന്‍

സൗദിയിലെ വാങ്ക് വിളിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ വിശദീകരണം നല്‍കിയതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. മാപ്പു പറയാനും പറഞ്ഞത് പിന്‍വലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഗണപതിനിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നര്‍ത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെയെന്ന് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ  പള്ളികളില്‍ മൈക്കിലൂടെ വാങ്ക് വിളിക്കുന്നത് കേട്ടില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാനെത്തിയിരുന്നു. ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍നിന്നു സംഭവിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
സജി ചെറിയാന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാമര്‍ശത്തെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലെ തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി നേരിട്ടെത്തിയത്.

 

Latest News