ന്യൂദൽഹി- ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മൂന്നു മുസ്്‌ലിംകളെ അടക്കം നാലുപേരെ വെടിവെച്ചു കേസിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർ.പി.എഫ്)കോൺസ്റ്റബിൾ ചേതൻ സിംഗിനെതിരെ മതസ്പർദ്ധ ഉണ്ടാക്കൽ വകുപ്പും ചേർത്തു. ക്രൂരമായ കൊലപാതകത്തിൽ നേരത്തെ വർഗീയ ബന്ധമില്ലെന്നായിരുന്നു പോലീസ് രേഖപ്പെടുത്തിയത്. എഫ്.ഐ.ആറിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നില്ല. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ഐ.പി.സി) 153 എ വകുപ്പാണ് ചേതൻ സിംഗിന് എതിരെ ചേർത്തത്. പ്രതിയുടെ റിമാന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പോലീസ് ചേർത്തത്. എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 302 (കൊലപാതകം), ആയുധം കൈവശം വെക്കൽ, റെയിൽവേ സുരക്ഷ എന്നീ വകുപ്പുകളും ചേർത്തു.
പാകിസ്ഥാനെയും ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളെയും പരാമർശിച്ചാണ് ചേതൻസിംഗ് നാലു പേരെ വെടിവെച്ചു കൊന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പ്രകീർത്തിച്ച ശേഷമാണ് പ്രതി വെടിവെച്ചത്.
'...അഗർ വോട്ട് ദേനാ ഹേ, അഗർ ഹിന്ദുസ്ഥാൻ മേ രഹ്നാ ഹേ, തോ മായ് കെഹ്താ ഹൂൻ, മോദി ഔർ യോഗി, യേ ദോ ഹൈൻ, ഔർ ആപ്‌കെ താക്കറെ' (...നിങ്ങൾക്ക് വോട്ട് ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ, ഞാൻ പറയുന്നു, മോഡിയും യോഗിയും, ഇവർ രണ്ടുപേരാണ്, നിങ്ങളുടെ താക്കറെ') എന്ന് പറഞ്ഞായിരുന്നു വെടിയുതിർത്തത്. പ്രതി ആദ്യം തന്റെ മേലുദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ടിക്കാ റാം മീണയെയാണ് വെടിവെച്ചുകൊന്നത്. തുടർന്ന് അടുത്തുള്ള കോച്ചുകളിലേക്ക് അബ്ദുൾ ഖാദിർ ഭായ് മുഹമ്മദ് ഹുസൈൻ ഭാൻപൂർവാല, അക്തർ അബ്ബാസ് അലി, സദർ മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് വെടിവെച്ചുകൊന്നത്.
ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനും ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസി നേരത്തെ ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു, 'ഇത് മുസ്ലീങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള ഭീകരാക്രമണമാണ്. തുടർച്ചയായ മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗത്തിന്റെ ഫലമാണിത്. അത് അവസാനിപ്പിക്കാൻ നരേന്ദ്രമോഡിക്ക് മനസ്സില്ല. 'പ്രതിയായ ആർപിഎഫ് ജവാൻ ഭാവിയിൽ ബിജെപി സ്ഥാനാർത്ഥിയാകുമോ? അദ്ദേഹത്തിന്റെ ജാമ്യത്തെ സർക്കാർ പിന്തുണയ്ക്കുമോ? പുറത്തിറങ്ങിയാൽ മാലയിടുമോ?' എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് പിന്നീട് ഇന്ത്യയിൽ തടഞ്ഞു.