വാരണാസി- ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോ എന്നു കണ്ടത്താനുള്ള പുരാവസ്തുവകുപ്പിന്റെ (എ.എസ്.ഐ) സർവേ തുടരുന്നു. സാവൻ മാസത്തിലെ അഞ്ചാം തിങ്കളാഴ്ചയായതിനാൽ അൽപം വൈകിയാണ് സർവേ ആരംഭിച്ചതെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ പറഞ്ഞു. നാലാം ദിവസമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പരിശോധന തുടരുന്നത്.
സർവേ ജോലികൾ പുരോഗമിക്കുകയാണെന്നും അഞ്ജുമൻ ഇൻതസാമിയ കമ്മിറ്റിയും സർവേയുമായി സഹകരിക്കുന്നുണ്ടെന്നും ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ സുധീർ ത്രിപാഠി പറഞ്ഞു. എഎസ്ഐ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയിലാണ് സർവേ നടത്തുന്നതെന്നും അളവുകൾ നടക്കുകയാണെന്നും കുറച്ച് സമയമെടുക്കുമെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു അഭിഭാഷകനായ സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു. സർവേ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
മുസ്ലീം വിഭാഗം കോടതിയുടെ ഉത്തരവ് പാലിക്കുന്നുണ്ടെന്നും സർവേയുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
എഎസ്ഐ അതിന്റെ ജോലി സുഗമമായി ചെയ്യുന്നു. മുസ്ലീം പക്ഷം കോടതിയുടെ ഉത്തരവ് പാലിക്കുകയും സർവേയുമായി പൂർണമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ആധുനിക സാങ്കേതിക വിദ്യകളും സർവേയ്ക്കായി ഉപയോഗിക്കുന്നു. ഭാവിയിലും കോടതിയുടെ നിർദേശം അനുസരിച്ച് പ്രവർത്തനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.പള്ളിയുടെ പരിസരത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അഡ്വക്കേറ്റ് സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു.