ന്യുദല്‍ഹി- പുതിയ നിറത്തിലും രൂപകല്‍പ്പനയിലും 100 രൂപാ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഇവ ഉടന്‍ ലഭ്യമായിത്തുടങ്ങുമെന്ന് ആര്‍ബിഐ അറിയിച്ചു. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ 'റാണി കി വാവ്' ആണ് പുതിയ 100 രൂപാ നോട്ടിന്റെ എതിര്‍വശത്ത് ഇടം നേടിയിരിക്കുന്നത്. പഠാനിലെ 11-ാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകമാണിത്. ഇളം വയലറ്റ് ആണ് പുതിയ നോട്ടിന്റെ നിറം. 2016ലെ നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2000, 500, 50, 20, 10 രൂപാ നോട്ടുകളുടെ രൂപകല്‍പ്പനയിലാണ് പുതിയ 100 നൂറ് രൂപാ നോട്ടും. നിലവിലുള്ള നോട്ടുകള്‍ പിന്‍വലിച്ചിട്ടില്ല. ഇവയേക്കാള്‍ ചെറിയ നോട്ടുകളാണ് പുതിയവ. എടിഎമ്മുകളില്‍ ഈ നോട്ടുകള്‍ നിറയ്ക്കുന്നതിനു ബാങ്കുകള്‍ക്ക് ഒരിക്കല്‍ കൂടി മെഷീനുകള്‍ പ്രത്യേകം റീകാലിബറേറ്റ് ചെയ്യേണ്ടി വരും.
അതിനിടെ ട്വിറ്ററില്‍ പുതിയ നോട്ടിന്റെ നിറം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജനപ്രിയ ബോര്‍ഡ് ഗെയിമായ മൊണോപൊളിയില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളുടെ നിറങ്ങളിലാണ് പുതിയ എല്ലാ നോട്ടുകളുമെന്ന് ട്വിറ്ററില്‍ പലരും ചൂണ്ടിക്കാട്ടി.