നുഹ്- ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ അക്രമങ്ങളും കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 156 പേരെ അറസ്റ്റ് ചെയ്തതായും 56 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു. ആറ് പേർ കൊല്ലപ്പെട്ട കലാപത്തിൽ 88 പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കർഫ്യൂ അയവ് വരുത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിൽ ബാങ്കുകളും എടിഎമ്മുകളും മൂന്ന് മണി വരെ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതലാണ് കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചത്.
അതിനിടെ, സംഘർഷത്തിനിടെ മത ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിക്കപ്പെടുന്ന അക്രമ ബാധിത നുഹിൽ അനധികൃത കെട്ടിടങ്ങൾ തകർക്കുന്നത് അധികൃതർ തുടരുകയാണ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ജില്ലയിൽ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് അധികൃതർ പറഞ്ഞു.