ന്യൂദൽഹി- ലോക്സഭാ എം.പിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ തിരിച്ചെത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ഇത് സത്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പ്രതികരിച്ചു. രാഹുലിന് എം.പി സ്ഥാനം തിരിച്ചുനൽകിയുള്ള ഉത്തരവ് പുറത്തുവന്ന ഉടൻ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്തെത്ിത മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മധുരം നൽകിയാണ് വിജയം ആഘോഷിച്ചത്.
മാനനഷ്ടക്കേസിൽ രാഹുലിന്റെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തതിൽ പ്രതിപക്ഷം ഇന്ന് രാവിലെ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. രാഹുലിന്റെ അംഗത്വം പുനസ്ഥാപിക്കാൻ വൈകുന്നതിൽ പ്രതിഷേധം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. ശിക്ഷാവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ രാഹുലിനെ സഭയിൽനിന്ന് പുറത്താക്കിയവർ സുപ്രീം കോടതി വിധി വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നില്ലെന്ന് തേജസ്വി യാദവ് ചോദിച്ചു.
ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കുകയും 9 വർഷം കൊണ്ട് വെറുപ്പിന്റെയും പരാജയത്തിന്റെയും പർവ്വതനിര സൃഷ്ടിക്കുകയും ചെയ്ത മോഡി സർക്കാർ പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും ഐക്യത്തെ ഭയന്നോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഗൂഢാലോചനയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നതെന്ന് സമാജ്വാദി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.
ബി.ജെ.പി പ്രതിപക്ഷത്തിന്റെ എം.പിമാരുടെയും എം.എൽ.എമാരുടെയും അംഗത്വം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ജെ.പിയുടെ തനിനിറം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.