ഹൈദരാബാദ്- വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ അമിത വേഗതയിലെത്തിയ വാട്ടർ ടാങ്കറിനു മുന്നിൽ തളളിയിട്ട് കൊന്നു. നഗരത്തിലെ ബാച്ചുപള്ളി മേഖലയിലാണ് സംഭവം.
കൊണ്ടാപ്പൂരിൽ താമസിക്കുന്ന കാർ ഡ്രൈവറായ തിരുപ്പതിയാണ് പ്രതിയെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് തിരിച്ചറിഞ്ഞു. മാസങ്ങളായി പ്രണയത്തിലായിരുന്ന പ്രമീളയെയാണ് ഹെവി വാഹനത്തിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ച പ്രമീളയെ വിവാഹ വാഗ്ദാനം നൽകി വശത്താക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ ഒരു ഷോറൂമിൽ സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു പ്രമീള. കാമറെഡ്ഡി ജില്ലയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വിവാഹ വാഗ്ദാനം നൽകി പ്രതി യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ച യുവതിയെ തിരുപ്പതി ബാച്ചുപള്ളിയിൽ വെച്ച് കാണാമെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. പ്രമീള നിശ്ചയിച്ച സ്ഥലത്ത് എത്തി തിരുപ്പതിയെ കണ്ടു. രണ്ടോ മൂന്നോ മാസത്തിന് ശേഷം വിവാഹം കഴിക്കാമെന്ന് തിരുപ്പതി പറഞ്ഞെങ്കിലും അതേ ദിവസം തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചുവെന്ന് ബാച്ചുപള്ളി എസ്എച്ച്ഒ സുമൻ കുമാർ പറഞ്ഞു.
ഇരുവരും വഴിയരികിൽ വെച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് തിരുപ്പതി സ്ഥലം വിട്ടു. പ്രമീള തിരുപ്പതിയെ പിന്തുടർന്ന് വീണ്ടും വഴക്കുണ്ടാക്കി. ഈ സമയം എതിർദിശയിൽ വന്ന വാട്ടർ ടാങ്കറിന് മുന്നിലേക്ക് യുവതിയെ തള്ളിയിടുകയായിരുന്നു. ശരീരത്തിലൂടെ വാട്ടർ ടാങ്കർ കയറിയിറങ്ങിയ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു- എസ്എച്ച്ഒ പറഞ്ഞു. ഒളിവിൽ പോയ തിരുപ്പതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.