ബെംഗളൂരു- ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്.
ഇതോടെ പേടകം ചന്ദ്രനില്‍നിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.
ഭ്രമണപഥത്തില്‍ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആര്‍.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യത്തില്‍ ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍ വ്യക്തമാണ്.
ശനിയാഴ്ചയാണ് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. വരുംദിവസങ്ങളില്‍ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി 17-ന് പേടകത്തെ ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കും. 23-ന് വൈകീട്ട് 5.47-നാണ് പേടകത്തിന്റെ ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.ബെംഗളൂരു ഇസ്ട്രാക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്സില്‍നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.