ചെന്നൈ- മുന്‍ മിസ്റ്റര്‍ തമിഴ്നാടും ബോഡി ബില്‍ഡറുമായ അരവിന്ദ് ശേഖറിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യയും നടിയുമായ ശ്രുതി ഷണ്‍മുഖപ്രിയ. ഫിറ്റ്നസ് വിദഗ്ധനായിരുന്ന അരവിന്ദ് ശേഖര്‍ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം കാരണം മരിച്ചത്. 30ാം വയസ്സിലായിരുന്നു അരവിന്ദിന്റെ മരണം. ബുധനാഴ്ച വീട്ടില്‍വച്ച് അരവിന്ദിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണു കടന്നു പോകുന്നതെന്നും ഈ സമയത്ത് വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രുതി സമൂഹമാധ്യമത്തില്‍ അഭ്യര്‍ഥിച്ചു. ''വെല്ലുവിളിയേറിയ സമയത്ത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുത്. പ്രത്യേകിച്ച് കുടുംബത്തിലെ പ്രായമായവരാണു വിഷമിക്കുന്നത്. അനാവശ്യമായ വിവരങ്ങള്‍ ലൈക്കിനും ഷെയറിനും വേണ്ടി പങ്കുവയ്ക്കരുത്.'' ശ്രുതി ഷണ്‍മുഖപ്രിയ പ്രതികരിച്ചു. പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്. വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന അരവിന്ദും ശ്രുതിയും കഴിഞ്ഞ വര്‍ഷം മേയിലാണു വിവാഹിതരായത്.