ഇംഫാല്‍- മണിപ്പുരില്‍ ബീരെന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷിയായ കുക്കി പീപ്പിള്‍ അലയന്‍സ് (കെ.പി.എ). സര്‍ക്കാരുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി അറിയിച്ച് കെ.പി.എയുടെ രണ്ട് എം.എല്‍.എമാര്‍ മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയികെക്ക് കത്തു നല്‍കി.
അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് കെ.പി.എ വ്യക്തമാക്കി. സൈകുല്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. കിംനിയോ ഹാവോകിപ് ഹാങ്ഷിങ്, സിന്‍ഘട്ട് മണ്ഡലത്തില്‍നിന്നുള്ള ചിന്‍ലുന്‍താങ് എന്നീ എം.എല്‍.എമാരാണ് കെ.പി.എക്കുള്ളത്.
കെ.പി.എ. പിന്തുണ പിന്‍വലിക്കുന്നത് ബീരെന്‍ സിംഗ് സര്‍ക്കാരിന് ഭീഷണിയാകില്ല. അറുപത് അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 32 എം.എല്‍.എമാരാണ് ഉള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്‍.എമാരുടെ പിന്തുണയും മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്.