ലോകകപ്പില്‍ ബ്രസീലിന്റെ വല കാത്ത ആലിസന്‍ ബെക്കര്‍ ലോകത്തെ ഏറ്റവും വില കൂടിയ ഗോള്‍കീപ്പറായി ലിവര്‍പൂളിലേക്ക്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ എ.എസ് റോമക്കു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ആലിസന്‍ റെക്കോര്‍ഡ് ബുക്കിലേക്ക് ഡൈവ് ചെയ്യുന്നത്. ഗോളീരൊ ഗാറ്റൊ എന്നാണ് ബ്രസീലില്‍ ആലിസന്റെ വിളിപ്പേര്. സുന്ദരനായ ഗോളി എന്നര്‍ഥം. 2009 ലെ അണ്ടര്‍-17 ലോകകപ്പിനിടയില്‍ നടന്ന അനൗദ്യോഗിക സൗന്ദര്യ മത്സരത്തില്‍ ആലിസനായിരുന്നു വിജയി. മോഡലിംഗിനുള്ള നിരവധി ഓഫറുകള്‍ വിനയപൂര്‍വം ആലിസന്‍ തിരസ്‌കരിക്കുകയായിരുന്നു. ആലിസനെ കോച്ച് ഡുംഗ 2015 ല്‍ ബ്രസീല്‍ ടീമിലുള്‍പെടുത്തിയപ്പോള്‍ സൗന്ദര്യം കണ്ടാണോ പരിഗണിച്ചതെന്ന് വിമര്‍ശകര്‍ ചോദിച്ചു.
എന്തായാലും ആലിസന്‍ വിമര്‍ശകരുടെ വായടപ്പിച്ചു. 6.7 കോടി പൗണ്ടാണ് ഇരുപത്തഞ്ചുകാരന് ലിവര്‍പൂള്‍ വെച്ചുനീട്ടുന്നത്. ആലിസനു വേണ്ടി റയല്‍ മഡ്രീഡും രംഗത്തുണ്ടായിരുന്നു. ഗോള്‍കീപ്പിംഗിലെ മെസ്സി എന്നാണ് റോമയിലെ മുന്‍ ഗോള്‍കീപ്പിംഗ് കോച്ച് റോബര്‍ടൊ നെഗ്രിസോളൊ ആലിസനെ വിശേഷിപ്പിക്കുന്നത്. ഗോള്‍കീപ്പിംഗിനായി ജനിച്ചവനാണ് നീ എന്ന് ആദ്യം കണ്ടപ്പോഴേ ഞാന്‍ ആലിസനോട് പറഞ്ഞിരുന്നു. ദിനോസോഫിനെയും മിഷേല്‍ പ്രൂഡ്‌ഹോമിനെയും അനുസ്മരിപ്പിക്കുന്നു ആലിസന്‍ -നെഗ്രിസോളൊ പറഞ്ഞു. ബ്രസീലിന്റെ മുന്‍ ഗോളിയും ഇപ്പോള്‍ അവരുടെ ഗോള്‍കീപ്പിംഗ് കോച്ചുമായ ക്ലോഡിയൊ ടഫറേല്‍ ഒരുപടി കൂടി കടന്ന് ആലിസനെ വിശേഷിപ്പിക്കുന്നത് ഗോള്‍കീപ്പിംഗിലെ പെലെ എന്നാണ്.
ഗോള്‍കീപ്പര്‍മാരുടെ കുടുംബത്തിലാണ് ആലിസന്‍ ജനിച്ചത്. അഞ്ചു വയസ്സിന് മൂത്ത ജ്യേഷ്ഠന്‍ മുരിയേല്‍ ബ്രസീലിലെ ഇന്റര്‍നാഷനാലിന്റെ ഗോള്‍കീപ്പറായിരുന്നു. അച്ഛനും അമ്മയും മുത്തച്ഛനുമൊക്കെ ഗോള്‍കീപ്പര്‍മാരായിരുന്നു.