ഇസ്‌ലാമാബാദ് - തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഭിഭാഷകരെ കാണാനായില്ല. ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ ജയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ഇമ്രാനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സന്ദര്‍ശക നിരോധിത മേഖലയാണെന്നു പറഞ്ഞാണ് തടഞ്ഞത്. ഇമ്രാന് ഭക്ഷണം നല്‍കാനോ, കേസ് നടത്തുന്നതിന് ആവശ്യമായ രേഖകളില്‍ ഒപ്പ് വാങ്ങാനോ കഴിഞ്ഞില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. അതിനിടെ ഇമ്രാന്റെ അറസ്റ്റിലും വിവാദം ഉയര്‍ന്നു. ഇസ്‌ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ പഞ്ചാബ് പോലീസാണ് ഇമ്രാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റാവല്‍പിണ്ടിയിലെ ജയിലില്‍ അടക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ തടവിലാക്കിയത്. കോടതി ഉത്തരവ് പാലിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഇമ്രാന്റെ അറസ്റ്റില്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി പി.ടി.ഐ പാര്‍ട്ടി രംഗത്തെത്തി.