അബഹ- സൗദി അറേബ്യയുടെ മക്ക പ്രവിശ്യകളിലും താപനില അമ്പതിനോടടുത്ത് നിൽക്കുമ്പോൾ അസീർ പ്രവിശ്യയിൽ മഴയുടെയും ആലിപ്പഴത്തിന്റെ അനുഗ്രഹ വർഷം. അസീറിലെ അൽസൗദ പർവതം കഴിഞ്ഞ ദിവസം ആലിപ്പഴ വർഷത്തിൽ വെള്ള പുതച്ചു.
സൗദിയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും മിക്ക ഭാഗങ്ങളും താപനിലയിൽ കഷ്ടപ്പെടുമ്പോൾ അസീർ പ്രവിശ്യ മനോഹരമായ കാലാവസ്ഥയും അതിശയകരമായ പ്രകൃതി സൗന്ദര്യവും കാരണം ആകർഷകമായിരിക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വേനലവധി ആഘോഷിക്കാൻ അസീറിനെയാണ് തെരഞ്ഞെടുക്കുന്നത്. മിക്ക ദിവസങ്ങളിലും ഇവിടെ മഴ ലഭിക്കുന്നുണ്ട്. അൽസൂദക്ക് പുറമെ ഖുറ ബനീ മാസിൻ, അൽഫർആ, രിജാൽ അൽമാ, അഹദ് റുഫൈദ എന്നിവിടങ്ങളിലും ഞായറാഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങളിൽ മഴയെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.