Sorry, you need to enable JavaScript to visit this website.

അമ്മയ്ക്ക് മുലയൂട്ടാന്‍ സംവിധാനങ്ങള്‍ വേണം; ഹര്‍ജിയുമായി 'പിഞ്ചു കുഞ്ഞ്' കോടതിയില്‍

ന്യൂദല്‍ഹി- ലോക മുലയൂട്ടല്‍ വാരം അടുത്ത മാസം തുടങ്ങാനിരിക്കെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് മികച്ച സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഒമ്പുത മാസം പ്രായമുള്ള കുഞ്ഞ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മുലയൂട്ടല്‍, ശിശു സംരക്ഷണ സംവിധാനങ്ങളും പ്രത്യേക മുറികളും ഇല്ലാത്തതിനാല്‍ അമ്മമാര്‍ ദിവസവും വലിയ പ്രയാസം നേരിട്ടു വരികയാണെന്നും ഇതിനു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഒമ്പതു മാസം പ്രായമായ അവ്യാന്‍ അമ്മ നേഹ രസ്‌തോഗി മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ഈ ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ടെന്ന് അംഗീകരിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ഉന്നയിച്ച പരാതികള്‍ക്ക് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

പൊതുസ്ഥലങ്ങളില്‍ മുലൂയുട്ടല്‍ കേന്ദ്രങ്ങളില്ലാത്തത് അമ്മമാര്‍ക്ക് ദുരിതമാണ്. പലപ്പോഴും വഴിപ്പോക്കരുടെ തുറിച്ചു നോട്ടങ്ങളും മാന്യമല്ലാത്ത പെരുമാറ്റവും മൂലം അമ്മമാര്‍ക്ക് നിര്‍ബന്ധിതാവസ്ഥയില്‍ പോലും പരസ്യമായി മുലയൂട്ടാന്‍ കഴിയാത്ത സ്ഥിതിയാണ്. മുലയൂട്ടുന്ന അമ്മമാര്‍ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ ഇവര്‍ക്കായുള്ള നഴ്‌സിങ് കേന്ദ്രങ്ങള്‍ അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രസവ ശേഷമുള്ള വിഷാദങ്ങള്‍ അകറ്റാന്‍ അമ്മമാരായ യുവതികള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നു. ഈ സാഹചര്യങ്ങളില്‍ മാറിടം പൂര്‍ണമായും മറച്ച് മുലയൂട്ടുന്നത് കുട്ടികള്‍ക്കും അമ്മമാര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പലപ്പോഴും അമ്മമാരുടെ വസ്ത്രം കുട്ടികള്‍  വലിച്ചു മാറ്റും. ഇത്തരം സാഹചര്യങ്ങളില്‍ പരസ്യമായി മുലയൂട്ടല്‍ അസാധ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

Latest News