Sorry, you need to enable JavaScript to visit this website.

വിവരാവകാശ നിയമത്തില്‍ കേന്ദ്രം വെള്ളംചേര്‍ക്കുന്നു; ആശങ്കയുമായി പ്രതിപക്ഷം

> വിവാദ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും

ന്യൂദല്‍ഹി- അഴിമതി തടയുന്നതിനും കൂടുതല്‍ സുതാര്യ ഉറപ്പുവരുത്തുന്നതിനുമുള്ള വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവാദമായ വിവരാവകാശ ഭേദഗതി ബില്‍-2018 ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ബില്ല് പാസാക്കുന്നത് തടയാന്‍ ശക്തമായി പ്രതിഷേധിക്കാനാണു പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്പളം, കാലാവധി എന്നിവയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് വരുത്തുന്നത്. 

ഇതു തീരുമാനങ്ങളെടുക്കാനുള്ള വിവരാവകാശ കമ്മീഷണര്‍മാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള നീക്കമാണെന്ന് ആശങ്കയുണ്ട്. കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുമെന്നാണ് പുതിയ ഭേദഗതി പറയുന്നത്. നിലവില്‍ ഇവരുടെ ശമ്പളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടേതിനു തുല്യമാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനോട് വിവരാവകാശ കമ്മീഷനെ തുല്യപ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

മറ്റ് ഏതെല്ലാം ഭേദഗതികളാണ് കൊണ്ടുവരുന്നതെന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍ വിവരാവകാശ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. 

ഈ നിയമത്തെ നിര്‍വീര്യമാക്കാനുള്ള ഏതൊരു നീക്കത്തേയും ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളേയും തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

Latest News