ന്യൂദൽഹി- വിമാനത്തിൽ എ.സി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർക്ക് വീശാനും വിയർപ്പ് തുടക്കാനും ടിഷ്യൂ പേപ്പർ നൽകി ഇൻഡിഗോ എയർലൈൻസ്. പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജയാണ് ഇൻഡിഗോ വിമാനത്തിൽ ചണ്ഡീഗഡിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടായ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർ കണ്ടീഷനിംഗ് ഇല്ലാതെ വിമാനത്തിനുള്ളിൽ ഇരുന്ന യാത്രക്കാർക്ക് 90 മിനിറ്റ് ഭയാനകമായിരുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. പൊള്ളുന്ന ചൂടിൽ ഏകദേശം 10-15 മിനിറ്റ് ക്യൂവിൽ നിന്ന ശേഷമാണ് പിന്നെ എസി ഓണാക്കാതെ വിമാനം പറന്നുയർന്നതെന്ന് കോൺഗ്രസ് നേതാവ് പരാതിപ്പെട്ടു.
ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ, എസികൾ ഓഫായിരുന്നു, യാത്രയിലുടനീളം എല്ലാ യാത്രക്കാരും ശരിക്കും കഷ്ടപ്പെട്ടു. വിമാനയാത്രയ്ക്കിടെ ഉണ്ടായ ഗുരുതരമായ പ്രശ്നം ഗൗരവത്തിലെടുത്തില്ലെന്നും എയർ ഹോസ്റ്റസ് യാത്രക്കാരുടെ വിയർപ്പ് തുടയ്ക്കാൻ ഉദാരമായി ടിഷ്യു പേപ്പറുകൾ വിതരണം ചെയ്യുകയായിരുന്നുവന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ടിഷ്യൂകളും പേപ്പറുകളും ഉപയോഗിച്ച് യാത്രക്കാർ സ്വയം വീശുന്നത് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.