നുഹ്-ഹരിയാന യിലെ നുഹ് ജില്ലയിലുണ്ടായ അക്രമത്തിനിടെ നൽഹർ ക്ഷേത്രത്തിൽ കുടുങ്ങിയ സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന പ്രചാരണം ഹരിയാന പോലീസ് നിഷേധിച്ചു, കിംവദനന്തികളും ഇല്ലാക്കഥകളുമാണ് പ്രചരിക്കുന്നതെന്ന് പോലീസ് വിശേഷിപ്പിച്ചു. പോലീസ് സംഭവ സ്ഥലത്തുതന്നെ ഉണ്ടായിരുന്നുവെന്നും സംഘർഷത്തിനിടെ അത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും ഹരിയാന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) പറഞ്ഞു.
നൽഹാർ മന്ദിറിൽ ഭക്തർ കുടുങ്ങിയ ദിവസം ഭക്തരായ സ്ത്രീകൾക്കുനേരെ ക്രൂരമായ കൃത്യങ്ങൾ നടന്നുവെന്നാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് തെറ്റാണെന്നും പൂർണ്ണമായ കിംവദന്തിയാണെന്നും എ.ഡി.ജി.പി മമത സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
മുഴുവൻ സമയവും ഞാൻ അവിടെ ഉണ്ടായിരുന്നതിനാലാണ് ഇക്കാര്യം ഔദ്യോഗികമായി പറയുന്നതെന്നും ഒരു സ്ത്രീക്കും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു. സംസ്ഥാനത്ത് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 216 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇതിൽ 83 പേരെ മുൻകരുതലായണ് അറസ്റ്റ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, ഏതാനും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പരാമർശിച്ചതുപോലെ സംഭവങ്ങളിൽ പാകിസ്ഥാൻ ബന്ധമില്ലെന്ന് ഹരിയാന ഡിജിപി പികെ അഗർവാൾ വ്യക്തമാക്കി.
ജില്ലയിലൂടെ കടന്നുപോയ മത ഘോഷയാത്ര ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് നുഹിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും 20 ഓളം പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.